കേരളപ്പിറവിയും മാതൃഭാഷാദിനാഘോഷവും
ഐക്യകേരളം പിറന്നിട്ട് 2022 നവംബർ ഒന്നാം തീയതി 66 വർഷം പിന്നിട്ടിരിക്കുകയാണ്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് കേരളം. ഇതിന്റെ ഭാഗമായി ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മലയാളം ക്ലബ്ബിന്റെയും ഐ. ക്യു. എ. സി യുടെയും ആഭിമുഖ്യത്തിൽ മാതൃഭാഷാദിനാഘോഷം സംഘടിപ്പിക്കുകയുണ്ടായി. യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വിഭാഗം അധ്യാപിക സുഷമ കുമാരി ടീച്ചർ ആയിരുന്നു മുഖ്യ അതിഥി. ഒന്നാം വർഷ ബി. എഡ് വിദ്യാർത്ഥി കുമാരി പാർവതിയുടെ ഈശ്വര പ്രാർത്തനയോടെ പരിപാടി ആരംഭിച്ചു. തുടർന്ന് കൃഷ്ണകുമാർ സ്വാഗതം പറയുകയും ചരിത്രപരമായി കേരള സംസ്ഥാനം ഉണ്ടായ നാൾവഴികൾ വിശദീകരിക്കുകയും ചെയ്തു. ഇന്ന് നാം കാണുന്ന കേരളം ധാരാളം സാമൂഹിക രാഷ്ട്രിയ സാംസ്‌കാരിക പോരാട്ടങ്ങൾക്ക് വേദിയും സാക്ഷിയുമാണെന്ന് അദ്ദേഹം ഈ അവസരത്തിൽ ഓർമപ്പെടുത്തി. അതിനുശേഷം ഐശ്വര്യത്തിന്റെ പ്രതീകമായ വിളക്ക് കൊളുത്തി സുഷമ ടീച്ചർ ഔദ്യോഗികമായി ചടങ്ങ് ഉത്ഘാടനം ചെയ്തു.
മാതൃഭാഷ ദിനത്തിന്റെ പ്രാധാന്യം കൂടുതൽ അധ്യാപക വിദ്യാർഥികൾ മനസിലാകുന്നതിന് വേണ്ടി കുമാരി സിബാന മാതൃഭാഷ പ്രതിജ്ഞ ചൊല്ലിതരികയുണ്ടായി. ഏവരും ഒരേ സ്വരത്തിൽ അത് ഏറ്റ് പറയുകയും ചെയ്തു. അതിനുശേഷം കോളേജ് പ്രിൻസിപ്പൽ സന്തോഷ് സർ അധ്യക്ഷപ്രസംഗം നടത്തുകയും, ഇന്നത്തെ ആധുനിക- ആഗോളവൽകൃത ലോകത്തിൽ മാതൃഭാഷയുടെ പ്രാധാന്യവും പ്രൗഢിയും ഉയർത്തിപിടിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടുകയും ചെയ്തു.
തുടർന്നുള്ള മുഖ്യപ്രഭാഷണത്തിൽ സുഷമ ടീച്ചർ കാലാന്തരത്തിൽ മലയാളഭാഷയിൽ കടന്ന് കൂടിയ വ്യത്യസ്തമായ ഭാഷാ ശൈലികളും പ്രയോഗങ്ങളും ഭാഷാ വ്യതിയാനങ്ങളും ആധുനിക മനുഷ്യനിൽ ഉണ്ടാക്കിയ മാറ്റങ്ങളെപറ്റി പറയുകയുണ്ടായി. എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യം എന്ന് പറയുമ്പോളും ഇന്നത്തെ യുവതലമുറ മലയാളത്തെ അവഗണിക്കുന്നതിലുള്ള സങ്കടം ടീച്ചർ പങ്കുവച്ചു. അധ്യാപക വിദ്യാർഥികളായ ഞങ്ങളോട് ബഹുഭാഷ പ്രാവീണ്യം നേടണമെന്നും ടീച്ചർ ഓർമപ്പെടുത്തി. മലയാളം മറക്കുന്ന മലയാളികൾ എന്നാൽ പെറ്റമ്മയെ മറക്കുന്ന മക്കൾ എന്നാണ് അർത്ഥം എന്ന് സൂചിപ്പിച്ചു.
മലയാളത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ട് ഉത്തരവു വന്നെങ്കിലും അതിനെയെല്ലാം കാറ്റില്‍പ്പറത്തികൊണ്ട് നമ്മുടെ ഭാഷയെ എല്ലായിടത്തും അവഗണിക്കുന്നതിന്റെ അനുഭവങ്ങളാണ് ഔദ്യോഗികമായിത്തന്നെ കാണാവുന്നത് എന്നും ടീച്ചർ പറഞ്ഞു. പത്താംക്ലാസ് വരെയുള്ള സ്‌കൂള്‍ പഠനത്തില്‍ മലയാളം നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വന്നത് ചെറുതല്ലാത്ത ആശ്വാസവും ആഹ്ളാദവുമാണ് ഭാഷ സ്‌നേഹികള്‍ക്ക് നൽകിയതെന്നും പറഞ്ഞു. ഇന്നു ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് മഹത്തരമെന്നു ധരിച്ച മാതാപിതാക്കളുടെ ന്യൂജനറേഷന്‍ മക്കളില്‍ പലര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. മലയാളം നാവിനും പേനയ്ക്കും വഴങ്ങാത്ത ഒരു ദുരന്ത തലമുറ ഇതിനകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ആവര്‍ത്തനം ഒഴിവാക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഈ ഓര്‍ഡിനന്‍സ് നിറവേറ്റാന്‍ പോകുന്നത്. കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം സംസാരിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വം വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നുവെന്നുള്ളത് ഏറെ പരിപകരമാണ്.
മാധ്യമങ്ങളുടെ ആധിക്യവും ആധിപത്യവും, നമ്മുടെ ഭാഷയുടേയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയെ സഹായിക്കേണ്ടതാണ്. എന്നാല്‍ അവ മഹത്തായ നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും മീതെ അധിനിവേശം നടത്തുകയാണ് ചെയ്യുന്നത്. ചാനലുകളിലെ അവതാരകരാണ് മലയാളത്തെ കശാപ്പുചെയ്യുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും, ഭാഷയുടെ ഉപയോഗവും ഉച്ഛാരണവും മുതല്‍ എല്ലാം നമ്മള്‍ അറിഞ്ഞുകൊണ്ടുതന്നെ ആംഗലേയവത്കരിക്കുകയാണ്. അവിടെ നമ്മുടെ ഭാഷയുടെ മഹത്വം അവഗണിക്കപ്പെടുകയാണ്. നമ്മള്‍ നമ്മുടെ മലയാളത്തെ ഇംഗ്ലീഷിലാക്കി സ്വന്തം സ്വത്വങ്ങള്‍ നഷ്ടപ്പെടുത്തുന്നു. സ്വന്തമായി ഒരു ഭാഷയുണ്ടായിരിക്കുകയെന്നത് വലിയ അനുഗ്രഹമാണെന്നും മലയാള ഭാഷയെ പുച്ഛിക്കുന്നവർ അതിന്റെ മഹത്വം മനസ്സിലാക്കാത്തവരാണ് എന്നും ടീച്ചർ പറയുകയുണ്ടായി.
പുതു തലമുറക്ക് മലയാളം എഴുതാനും വായിക്കാനും കഴിയാതായെങ്കില്‍ അത് അവരുടെ കുറ്റമല്ല എന്നുകൂടി ടീച്ചർ ഓര്‍മ്മപ്പെടുത്തി. മക്കള്‍ക്ക് നല്ലത് വരട്ടെ എന്ന വിചാരത്തില്‍, ഇംഗ്ലീഷിന്റെ പിന്നാലെ അവരെ അയച്ച മാതാപിതാക്കളെയും അവരെ അതിന് പ്രേരിപ്പിച്ച സമൂഹമനോഭാവത്തെയുമാണ് പഴി പറയേണ്ടത്. മലയാള ഭാഷയുടെ ആദ്യ പാഠങ്ങള്‍ നല്‍കാതെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കളുടെ മനോഭാവം മാറേണ്ടതുണ്ട്. മാതൃഭാഷയില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് വിഷയങ്ങള്‍ പഠിക്കാന്‍ എളുപ്പമാകും. ഇതിലൂടെ കൂടുതല്‍ വിജ്ഞാനം വശത്താക്കാന്‍ സാധിക്കും. മലയാള ഭാഷ നന്നായി പഠിപ്പിച്ചതിന് ശേഷമായിരിക്കണം മറ്റു ഭാഷകള്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ പരിശീലനം നല്‍കേണ്ടത്. കുട്ടികളെ മലയാളം നന്നായി എഴുതാനും വായിപ്പിക്കാനും പഠിപ്പിക്കണം. ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ മാനോഭാവത്തിന് മാറ്റം വരണം എന്ന് ടീച്ചർ ആഹ്വാനം ചെയ്തു.
മലയാള ഭാഷ നന്നായി പഠിക്കാന്‍ കുട്ടികള്‍ക്ക് ബാല്യത്തില്‍ തന്നെ പരിശീലനം നല്‍കണം. ഇതിലൂടെ മാത്രമേ അവര്‍ക്ക് നമ്മുടെ സംസ്‌കാരവും പൈതൃകവും പഠിക്കാന്‍ സാധിക്കുകയുള്ളൂ. മാതൃഭാഷയില്‍ നിന്ന് അകലുമ്പോള്‍ അവര്‍ നമ്മുടെ പൈതൃകത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകലുന്നു. ഇതൊന്നും നല്ല സൂചനകളല്ല. എത്ര നല്ല ഇംഗ്ലീഷ് പറഞ്ഞാലും നമ്മളൊരിക്കലും ഇംഗ്ലീഷുകാരാവുകയില്ല. എന്നാല്‍ ആ വ്യര്‍ത്ഥശ്രമത്തിനിടയില്‍ നമ്മള്‍ മലയാളിയല്ലാതായിത്തീരുക മാത്രം ചെയ്യുന്നു. ഇംഗ്ലീഷിന് നല്‍കുന്ന പ്രാധാന്യമെങ്കിലും മലയാളത്തിനും നല്‍കാന്‍ അധികൃതര്‍ തയാറാകണം. മലയാളത്തെ കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവത്തിന് തന്നെ മാറ്റം വരണം. അല്ലെങ്കില്‍ ഈ ഭാഷ അധികം വൈകാതെ അപ്രത്യക്ഷമാകുന്ന ദുരന്തത്തിനും നാം സാക്ഷിയാകും എന്ന് ടീച്ചർ മുന്നറിയിപ്പ് നൽകി. പ്രതിസന്ധികള്‍ തരണം ചെയ്തു വളര്‍ച്ചയുടെ പുതിയ പടികള്‍ കടന്ന് ഔന്നത്യത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് നമ്മുടെ മലയാള ഭാഷ മുന്നേറുമെന്നു പ്രത്യാശിക്കാം എന്ന് ആശംസിച്ചുകൊണ്ടും
മാതൃഭാഷയോടുള്ള സ്നേഹവും ബഹുമാനവും കേവലം നവംബർ ഒന്ന് എന്ന ദിവസത്തിൽ ഒതുങ്ങാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീരട്ടെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്ന് പറഞ്ഞകൊണ്ടും ടീച്ചർ തന്റെ വാക്കുകൾ ചുരുക്കി.
അതിനുശേഷം ഒന്നാം വർഷ മലയാളം അധ്യാപക വിദ്യാർത്ഥിയായ കൃഷ്ണകുമാർ ഒരു കവിത ആലപിക്കുകയും ചെയ്തു. ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഷീന വർഗീസും സൈക്കോളജി അധ്യാപകനായ രാഹുൽ സാറും ആശംസയർപ്പിച്ചു സംസാരിച്ചു. മലയാളം അസോസിയേഷൻ സെക്രട്ടറി പാർവതിയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.